Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൂര്യനസ്തമിക്കാത്ത പ്രവാസി ഇന്ത്യന്‍ സമൂഹം

ടി.പി.ശ്രീനിവാസൻ
495603791

ലോകമെമ്പാടും വേരോടി പടര്‍ന്നു വ്യാപിച്ചിരിക്കുന്ന പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് ഒരിക്കലും സൂര്യനസ്തമിക്കുന്നില്ല. ഭൂമിയില്‍ ആദ്യമായി ഉദയസൂര്യന്റെ പൊന്‍കിരണങ്ങള്‍ പതിക്കുന്ന ഫിജിയിലെ തവേയുനി ദ്വീപില്‍ ഇന്ത്യന്‍ കര്‍ഷകര്‍ കരിമ്പു പാടങ്ങളില്‍ പണിക്കിറങ്ങുന്ന അതേസമയത്ത് സാന്‍ജോസിലെ ഇന്ത്യന്‍ കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ ജോലികഴിഞ്ഞു സ്വന്തം മെഴ്സിഡീസ് കാറില്‍ വീട്ടിലേക്കു മടങ്ങുകയായിരിക്കും. കലിഫോര്‍ണിയയിലെ ഇന്ന് ഫിജിയിലെ നാളെയാണ്.


മ്യാൻമറിലെ പാവപ്പെട്ട നെല്‍കര്‍ഷകര്‍ മുതല്‍ അമേരിക്കയിലെ ശതകോടീശ്വരന്മാര്‍ വരെ ഉള്‍ചേര്‍ന്ന പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ജീവിതരീതികളും ശൈലികളും ഏറെ വൈരുധ്യം നിറഞ്ഞതാണ്. ചിലര്‍ ദാരിദ്ര്യത്തില്‍നിന്നും നികൃഷ്ടമായ ജീവിതസാഹചര്യങ്ങളില്‍നിന്നുമുള്ള മോചനത്തിനായി വാഗ്ദത്ത ഭൂമി തേടി ഇരുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പ്രവാസവഴിയിലെത്തി. തൊഴില്‍ വൈദഗ്ധ്യം സമ്പാദിച്ച മറ്റൊരു വിഭാഗമാകട്ടെ വിജ്ഞാനസമ്പാദനത്തിനും ഗവേഷണത്തിനുമുള്ള പുത്തന്‍ അവസരങ്ങള്‍ തേടിയാണു പിറന്ന മണ്ണുവിട്ടത്. കടലിനക്കരെയുള്ള വികസിതസമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്കൊത്ത് അവരില്‍ പലരും അധ്യാപകരും ഡോക്ടര്‍മാരും നഴ്സുമാരുമായി.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വിവരസാങ്കേതിക രംഗത്തുണ്ടായ വിപ്ലവവും ഗള്‍ഫില്‍ എണ്ണയുത്പാദനത്തിലുണ്ടായ കുതിച്ചുചാട്ടവുമാണ് ഇന്ത്യക്കാരെ അവിടങ്ങളിലേക്ക് ആകര്‍ഷിച്ചത്. ആഫ്രിക്കയാകട്ടെ പതിറ്റാണ്ടുകളായി ഇന്ത്യന്‍ വ്യവസായികളുടെ സ്വപ്നഭൂമിയാണ്. അങ്ങനെ നോക്കുമ്പോള്‍ എല്ലാ വിഭാഗങ്ങളും ഇടകലര്‍ന്ന, ഇന്ത്യയുടെ ഒരു പരിച്ഛേദം തന്നെയാണ് പ്രവാസി ഇന്ത്യന്‍ സമൂഹവും. നമ്മുടെ രാജ്യം കടന്നുപോന്ന വിവിധ കാലഘട്ടങ്ങളുടെയും വികസനദശകളുടെയും പ്രതിബിംബം.
പിറന്ന മണ്ണിനോടുള്ള അവരുടെ മനോഭാവവും സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യതിരിക്തമാണ്. വാഗ്ദത്തഭൂമി തേടിയിറങ്ങിയ കാലവും കാരണവും നേരിടേണ്ടിവന്ന പ്രതിസന്ധികളും പ്രവാസികളുടെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട്. ഫിജിയിലേക്കും ആഫ്രിക്കയിലേക്കും കരീബിയന്‍ മണ്ണിലേക്കുമുള്ള പ്രവാസം നിര്‍ബന്ധിതമായിരുന്നെങ്കില്‍ അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു.

വൈവിധ്യങ്ങളുടെ വിസ്മയഭൂമിക ആയിരിക്കെത്തന്നെ ഒരൊറ്റ വിഷയത്തില്‍ ഏകഭാവമാണ് എല്ലാ പ്രവാസികളിലുമുള്ളത്. ഇന്ത്യയില്‍നിന്ന് നമുക്ക് ഇന്ത്യക്കാരെ മാറ്റാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അവരില്‍നിന്ന് ഇന്ത്യയെ അടര്‍ത്തിമാറ്റാന്‍ ആര്‍ക്കും കഴിയില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് പിറന്ന മണ്ണു വിട്ടവരാണെങ്കിലും അടുത്തിടെ പോയവരാണെങ്കിലും പൊക്കള്‍ക്കൊടി പകര്‍ന്നുനല്‍കിയ പൈതൃകത്തിലൂടെയും ജീവിതരീതിയിലൂടെയും മതവിശ്വാസങ്ങളിലൂടെയും ഇന്ത്യയെന്ന വികാരം അവരുടെ ഹൃദയതാളത്തിനൊപ്പം എന്നുമുണ്ടാകും.

ഒരുപിടി കാരണങ്ങള്‍ കൊണ്ട് ജന്മഭൂമിലേക്കുള്ള മടക്കയാത്ര സാധ്യമാകാതിരിക്കുമ്പോഴും ഇന്ത്യന്‍ വേരുകളെക്കുറിച്ച് ഗൃഹാതുരമായ സ്മരണകളിലാണ് അവര്‍ ജീവിക്കുന്നത്. ഭാരതാംബയ്ക്കായി എപ്പോഴും അവര്‍ തുടിച്ചുകൊണ്ടിരിക്കും. ഇന്ത്യയില്‍ പലവിധ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും യാതൊരു വിട്ടുവീഴ്ചയും കൂടാതെ പരമ്പരാഗതശൈലിയില്‍ തന്നെയാണ് മിക്കവരും വിദേശത്തു ജീവിച്ചുപോരുന്നത്. മാതൃഭാഷ മാത്രമാണ് പലരും കുടുംബങ്ങളില്‍ ഉപയോഗിക്കുന്നത്. ആയതുകൊണ്ടുതന്നെ പ്രവാസഭൂമിയിലെ സംസ്‌കാരവുമായി പൂര്‍ണമായി ഉള്‍ചേരാന്‍ ഒരിക്കലും ഇന്ത്യക്കാര്‍ക്കു കഴിയാറില്ലെന്നതും യാഥാര്‍ഥ്യമാണ്.

ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യന്‍ വംശജരായ ഫിജി പൗരന്മാര്‍ തങ്ങളെ ഫിജി ഇന്ത്യന്‍സ് എന്നാണു വിളിക്കുന്നത്. എന്നാല്‍ അവര്‍ക്കൊപ്പം കുടിയേറിയ പോളിനേഷ്യന്‍, മെലാനേഷ്യന്‍ വംശജര്‍ ഫിജിയന്‍സ് എന്നാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മള്‍ക്കു കഴിയാത്ത മഹത്തരമായ ഒരു നേട്ടം കൈവരിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കു കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. യാതനകളുടെയും പീഡാനുഭവങ്ങളുടെയും തീച്ചൂളയില്‍ ജാതി, മത, വര്‍ണ വിഭാഗീയതകളുടെ വേലിക്കെട്ടുകള്‍ പൂര്‍ണമായും ഉരുകിയലിഞ്ഞ് ഇല്ലാതായിക്കഴിഞ്ഞു.

ഫിജിയിലും ഗയാനയിലും ദക്ഷിണാഫ്രിക്കയിലും പ്രവാസിസമൂഹത്തില്‍ മതപരവും ഭാഷാപരവുമായ ഭിന്നതകള്‍ ഒട്ടുംതന്നെയില്ലെന്നു വേണം കരുതാന്‍. മിക്കവരും ഹിന്ദി സംസാരിക്കുകയും വിഭിന്നങ്ങളായ ഇന്ത്യന്‍ വിഭവങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നവരാണ്. പ്രാദേശികമായ സംസ്‌കാരങ്ങളുമായി ഇഴചേർന്ന്, കാലുറപ്പിച്ചിരിക്കുന്ന മണ്ണിന്റെ ജീവിതതാളത്തിനൊപ്പമാണു തങ്ങളെന്നും അവര്‍ തെളിയിച്ചുകഴിഞ്ഞു. പഴയകാല കുടിയേറ്റക്കാര്‍ക്കിടയില്‍ സ്വദേശികളുമായുള്ള വിവാഹം അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. പലരും അടുത്തിടെ മാത്രമാണ് ഇന്ത്യയെന്ന തങ്ങളുടെ രാജ്യം തന്നെ കാണുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ് വേരുകള്‍ തേടിയാണ് മിക്കവരും ഇന്ത്യയിലേക്ക് എത്തുന്നത്.

ചുവടുറപ്പിച്ച രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ സാഹിത്യ രംഗങ്ങളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിനായിട്ടുണ്ട്. അക്ഷീണമായ പ്രയത്‌നത്തിലൂടെ വിശ്വാസ്യതയും സത്യസന്ധതയും ആത്മാര്‍ഥതയും ആര്‍ജിക്കാന്‍ അവര്‍ക്ക് ആദ്യം തന്നെ കഴിഞ്ഞു. ചില രാജ്യങ്ങളിലെ സ്വദേശികളുടെ സ്ഥായീഭാവമായ അലസസ്വഭാവത്തിനു വിഭിന്നമായ തൊഴില്‍ സംസ്‌കാരമാണ് ഇന്ത്യന്‍ സമൂഹം മുന്നോട്ടുവച്ചത്. ഇന്ത്യക്കാരുടെ സാംസ്‌കാരിക പൈതൃകം, ശ്രേഷ്ഠത ആര്‍ജിക്കാനുള്ള പരിശ്രമം, വിജ്ഞാനദാഹം, സമ്പാദ്യശീലം, സാഹസം തുടങ്ങിയ ഘടകങ്ങള്‍ ഏറെ ഹൃദ്യമായി കരുതാം. എത്തിപ്പെട്ടയിടങ്ങളില്‍ എല്ലാം സ്‌കൂളുകളും ആശുപത്രികളും പണിതു. മക്കളെ ഉപരിപഠനത്തിനായി വിദേശത്തേക്ക് അയച്ചു.

ബ്ലൂ കോളര്‍ ജോലി ചെയ്തിരുന്ന പലരുടെയും മക്കള്‍ പ്രഫഷണലുകളും മാനേജര്‍മാരുമായി. വാണിജ്യവ്യവസായ സംരംഭങ്ങളിലൂടെ രാജ്യങ്ങളുടെ സാമ്പത്തികമേഖലയെ സ്വാധീനിക്കാന്‍ പോലും കഴിയുന്ന തരത്തിലേക്കു പലരും വളര്‍ന്നു. ദക്ഷിണ പസിഫിക് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാധീനം കൊണ്ട് അഭിവൃദ്ധി കൈവരിച്ചത് ഫിജിയാണ്. മൗറീഷ്യസിലും കരീബിയന്‍ രാജ്യങ്ങളിലും രാഷ്ട്രീയമാറ്റങ്ങള്‍ക്കു നിദാനമാകാനും ഇന്ത്യക്കാര്‍ക്കു കഴിഞ്ഞു. അവരുടെ ശക്തമായ രാഷ്ട്രീയ അവബോധം പുത്തന്‍ ഉണര്‍വാണ് മിക്ക രാജ്യങ്ങള്‍ക്കും നല്‍കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യം പകര്‍ന്നു നല്‍കിയ ഊര്‍ജത്തില്‍, തങ്ങള്‍ എത്തിപ്പെട്ട മണ്ണിന്റെ മോചനത്തിനായി പ്രയത്‌നിക്കാനും അവര്‍ മടിച്ചില്ല. ഫിജി തന്നെ ഉദാഹരണമായെടുക്കാം. തദ്ദേശവാസികള്‍ ബ്രിട്ടിഷ് സാമ്രാജ്യത്വത്തില്‍നിന്നു സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അവിടുത്തെ ഇന്ത്യന്‍ നേതാക്കളാണ് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി മുന്നിട്ടിറങ്ങിയത്.

മറ്റു രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണം ഒഴിവാക്കാനും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കാനുമായി ഇന്ത്യന്‍ നേതൃത്വം എക്കാലവും പ്രവാസി ഇന്ത്യന്‍ സമൂഹത്തോടു നിസ്സംഗ സമീപനമാണു സ്വീകരിച്ചു പോന്നത്. ഇന്ത്യക്കാര്‍ അവര്‍ ജീവിക്കുന്ന രാജ്യത്തോടു കൂറുള്ളവരായിരിക്കണം എന്നതായിരുന്നു ഇന്തയുടെ നയം. അതേസമയം തന്നെ പ്രവാസി സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കും ക്ഷേമത്തിനും പിന്തുണ നല്‍കാനും സര്‍ക്കാരുകള്‍ തയാറായി. നയപരമായ പ്രശ്‌നങ്ങളുടെ പേരില്‍ രാജ്യം വിടേണ്ടി വന്നവരെ മ്യാൻമറില്‍നിന്നും ഉഗാണ്ടയില്‍നിന്നും മടക്കിക്കൊണ്ടുവരാന്‍ മടികാട്ടിയില്ല. അവര്‍ ഉപേക്ഷിച്ചുപോന്ന സ്വത്തുവകകളില്‍ അവകാശവാദം ഉന്നയിക്കാന്‍ പോലും മുതിര്‍ന്നിരുന്നില്ല. ഫിജിയിലെ കലാപകാലത്ത് അവിടുത്തെ ഇന്ത്യക്കാര്‍ക്കു നിഷേധിക്കപ്പെട്ട ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു വേണ്ടി പോരടിക്കാന്‍ തീരുമാനിച്ചത് രാജീവ് ഗാന്ധിയായിരുന്നു. സൈനികഭരണകൂടത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ഒടുവില്‍ ഫിജിയെ കോമണ്‍വെല്‍ത്തില്‍നിന്നു പുറത്താക്കുക പോലും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ പ്രവാസികള്‍ പങ്കാളികളാവണമെന്ന് ആഗ്രഹിക്കുന്നതിനൊപ്പം അവരുടെ പ്രശ്‌നങ്ങളോടു നിര്‍വികാരമായി പ്രതികരിക്കരുതെന്ന വാശിയും രാജീവിനുണ്ടായിരുന്നു. പത്തുവര്‍ഷത്തിനു ശേഷം ഫിജി ജനാധിപത്യത്തിലേക്കു മടങ്ങിയെങ്കിലും ഇപ്പോഴും പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയിട്ടില്ല.

അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പല വിദേശ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള പാലമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവാസി സമൂഹം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസവും മത്സരക്ഷമതയും ആത്മസമര്‍പ്പണവും കൊണ്ട് ഈ രാജ്യങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഇന്ത്യക്കാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലുള്ള മുപ്പതു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമേ ഉള്ളൂവെങ്കിലും രാഷ്ട്രീയ, സാമൂഹിക, വൈജ്ഞാനിക, സാങ്കേതിക മേഖലകളില്‍ ശക്തമായ സാന്നിധ്യമാണ്. ന്യൂനപക്ഷ വിഭാഗമെന്ന നിലയില്‍ അവകാശങ്ങള്‍ നേടിയെടുക്കാനും ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ദൃഢമാക്കാനുമായി അമേരിക്കന്‍ ഇന്ത്യക്കാര്‍ രാഷ്ട്രീയകാര്യ സമിതികള്‍ വരെ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യ-യുഎസ് ആണവകരാര്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളിലും പ്രതിസന്ധികള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് അമേരിക്കന്‍ ഇന്ത്യക്കാരുടെ രാഷ്ട്രീയ സ്വാധീനം ഏറെ ഏറെ നിര്‍ണായകമായത്. സാങ്കേതികമായി മാത്രമല്ല രാഷ്ട്രീയമായും കരാറിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ ഇന്ത്യന്‍ സമൂഹം പ്രതിനിധിസഭാംഗങ്ങള്‍ക്കും സെനറ്റര്‍മാര്‍ക്കുമിടയില്‍ ശക്തമായ പ്രചാരണം നടത്തി ഒടുവില്‍ ശുഭാന്ത്യത്തില്‍ എത്തിക്കുകയായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ കൂട്ടായ്മയുടെ ഔന്നത്യം ഇന്ത്യക്കു സഹായകരമായതു പോലെ തന്നെ ഇന്ത്യ-യുഎസ് ബന്ധത്തിലുണ്ടായ ഊഷ്മളത പ്രവാസി സമൂഹത്തിനു സ്വന്തം താല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിനും ഗുണകരമായി. അതേസമയം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉദയത്തോടെ അമേരിക്കന്‍ ഇന്ത്യക്കാര്‍ അരക്ഷിതമായ അവസ്ഥയാണു നേരിടുന്നത്. പ്രത്യേകിച്ച്, അടുത്തിടെ രണ്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ മൂന്നു വെടിവയ്പുകള്‍ക്കു ശേഷം. എച്ച്1 ബി വീസാ വിഷയത്തിലും കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും അമേരിക്കയിലെ ഐടി വ്യവസായത്തിന് അതില്ലാതെ നിലനില്‍പില്ലെന്ന വിശ്വാസം പ്രതീക്ഷ നല്‍കുന്നതാണ്.

ഇന്ത്യയിലേക്കു വന്‍തോതില്‍ പണം അയയ്ക്കുകയും നിക്ഷേപം നടത്തുകയും ചെയ്യുക എന്ന പ്രതീക്ഷകള്‍ നിറവേറ്റിയത് ഗള്‍ഫ് നാടുകളിലെ പ്രവാസി സമൂഹം മാത്രമാണ്. കുറച്ചു വര്‍ഷം മുമ്പു കേരളം പാപ്പരത്തത്തിന്റെ വക്കില്‍നിന്നു രക്ഷപ്പെട്ടതു തന്നെ പ്രവാസികള്‍ അയയ്ക്കുന്ന പണം കൊണ്ടാണ്. സംസ്ഥാന പുരോഗതിക്കായി ഇപ്പോഴും ചെറുതല്ലാത്ത സംഭാവകളാണ് ഗള്‍ഫ് പ്രവാസികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനുള്ള അംഗീകാരമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗള്‍ഫിലെ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ അതീവഗൗരവത്തോടെ തന്നെയാണു പരിഗണിക്കുന്നതും.

രാജ്യവും പ്രവാസി സമൂഹവും പരസ്പരം മനസ്സിലാക്കുകയും ഇരുകൂട്ടര്‍ക്കും പരസ്പരം സഹായിക്കാന്‍ കഴിയുന്ന മേഖലകള്‍ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികാര്യ വകുപ്പും രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയിലും പ്രതിവര്‍ഷം മറ്റു മേഖലകളിലും നടത്തുന്ന പ്രവാസി ഭാരതീയ ദിവസും ഇതിനുള്ള ചുവടുവയ്പുകളാണ്. പ്രവാസി സമൂഹത്തോടുള്ള ആദരവിന്റെ ഭാഗമായാണ് രാജ്യം പ്രവാസി ഭാരതീയ സമ്മാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശമണ്ണില്‍ അതിജീവനത്തിനായി പൊരുതുന്ന പ്രവാസി സമൂഹത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായസമന്വയം ഉടലെടുത്തിരിക്കുന്നതു ശുഭസൂചകമാണ്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.