Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിമാനം പറത്താന്‍ ഇന്ധനമില്ല ; കുടുങ്ങിയത് ആയിരങ്ങൾ

aeroplane-1

ഓക്‌ലന്റ്∙ വിമാന ഇന്ധനമില്ലാത്തതിനെത്തുടർന്ന് ന്യൂസിലന്റിൽ എയർപോർട്ടിൽ‌ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാർ‌. ന്യൂസിലന്റിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലന്റിൽ വിമാനത്താവളത്തിലേക്ക് ഇന്ധനമെത്തിക്കുന്ന പൈപ്പ് തകരാറിലായതോടെയാണ് ഇന്ധന വിതരണം നിലച്ചത്. ഇതോടെ വ്യോമഗതാഗതവും താറുമാറായി.

പ്രദേശത്തെ ആഭ്യന്തര,  രാജ്യാന്തര വിമാന സർവീസുകളെയെല്ലാം പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങളിൽ നിന്ന് ഇന്ധനം നിറച്ച ശേഷം മാത്രം ഓക്‌ലന്റിലേക്കുള്ള വിമാനങ്ങൾ പറന്നാൽ മതിയെന്നാണ് ഇതേ തുടർന്ന് അധികൃതർ നൽകിയ നിർദേശം. അതേസമയം, ഓസ്ട്രേലിയയിൽ നിന്ന് ഇന്ധനം നിറച്ച ശേഷം ഓക്‌ലന്റിലേക്ക് സർവീസ് നടത്താനാണ് രാജ്യാന്തര വിമാനക്കമ്പനികളോട് എയർ ന്യൂസിലൻഡ് അറിയിച്ചത്. ഒരു ദിവസം ഇത് 2000 യാത്രക്കാരെയെങ്കിലും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. 27ഓളം സർവീസുകളാണ് റദ്ദാക്കിയത്.

തകരാർ സംഭവിച്ചതിനെ തുടർന്ന് ഇന്ധന വിതരണം നേരത്തെയുള്ളതിനെക്കാളും 30 ശതമാനമായി കുറച്ചിട്ടുണ്ട്. അടിയന്തര സഹായത്തിനായി സൈന്യത്തിന്റെ സഹകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഊർജ്ജ മന്ത്രി ജൂഡിത് കോളിൻസ് അറിയിച്ചു. വിമാന ഇന്ധന വിതരണത്തോടൊപ്പം ഓക്‌ലണ്ടിൽ‌ പെട്രോൾ, ഡീസല്‍ ഇന്ധനങ്ങളുടെ ക്ഷാമവും നേരിടുന്നുണ്ട്. ഇത് പ്രദേശത്തെ 1.4 മില്യൺ സ്വദേശികളെയും ബാധിക്കും. തകരാറിനെ തുടർന്ന് 70,000 ലിറ്റർ ഇന്ധനമാണ് നഷ്ടമായത്. പ്രശ്നം പരിഹരിക്കാൻ രണ്ടാഴ്ചയോളം സമയമെടുക്കുമെന്നാണ് അറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.