Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സാം ഏബ്രഹാം വധക്കേസിൽ അന്തിമ വിചാരണ തുടങ്ങി; ഭാര്യയും കാമുകനും പ്രതികൾ

arun-sofia അരുൺ കമലാസനൻ, സോഫിയ

മെൽബൺ (ഓസ്ട്രേലിയ) ∙ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും ചേർന്നു വിഷം കൊടുത്തു കൊന്നുവെന്ന കേസിൽ അന്തിമവിചാരണ വിക്ടോറിയൻ സുപ്രീം കോടതിയിൽ ആരംഭിച്ചു. മെൽബണിൽ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിനെ (34) 2015 ഒക്ടോബർ 13നാണ് എപ്പിങ്ങിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.

ഹൃദയാഘാതംമൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച സോഫിയ, മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചശേഷം മകനോടൊപ്പം മെൽബണിലേക്കു മടങ്ങി. പൊലീസ് 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12നാണു സോഫിയയെയും കാമുകൻ അരുൺ കമലാസനനെയും അറസ്റ്റ് ചെയ്തത്.

sam-abraham കൊല്ലപ്പെട്ട സാം ഏബ്രഹാം

പ്രതികളായ സോഫിയയും അരുണും ചേർന്ന് 2014 ജനുവരിയിൽ മെൽബൺ കോമൺവെൽത്ത് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഉൾപ്പെടെ ഒട്ടേറെ തെളിവുകളാണു പ്രോസിക്യൂട്ടർ 14 അംഗ ജൂറിക്കു മുൻപാകെ ഹാജരാക്കിയിട്ടുള്ളത്.

സാമിനു സോഫിയ ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി എന്നാണു കേസ്. പോസ്റ്റ്മോർട്ടം നടത്തിയശേഷം ലഭിച്ച ടോക്സിക്കോളജി റിപ്പോർട്ടിൽ, രക്തത്തിലും കരളിലും അമിതമായ അളവിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതായി രേഖപ്പെടുത്തിയിരുന്നു. അരുണിനൊപ്പം താമസിച്ചിരുന്ന മലയാളിയായ അജി പരമേശ്വരനെയും കോടതിയിൽ ഹാജരാക്കി. അരുണിനെയും സോഫിയയെയും അരുണിന്റെ വീട്ടിൽ ഒരുമിച്ചു കണ്ടിട്ടുള്ളതായി അജി മൊഴിനൽകി.

അരുണിന്റെ പേരിലുള്ള മൊബൈൽ നമ്പർ സോഫിയ സ്ഥിരമായി ഉപയോഗിച്ചിരുന്നതും ഇരുവരും ഒരുമിച്ചു യാത്രചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും ഹാജരാക്കി. സാമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാർ സാം മരിച്ചതിന്റെ അഞ്ചാം മാസം, 2016 മാർച്ചിൽ, അരുണിന്റെ പേരിലേക്കു മാറ്റിയതിന്റെ രേഖകൾ, സോഫിയയുടെയും അരുണിന്റെയും ഡയറിക്കുറിപ്പുകൾ തുടങ്ങിയവയും സംഭവദിവസം രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയതിന്റെ തെളിവുകളും ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.