Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർ കുര്യാക്കോസ് കുന്നശ്ശേരി ഒരു അനുസ്മരണം

 റെജി പാറയ്ക്കൻ
mar-kuriakose

മെൽബൺ ∙ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദിവംഗതനായ മാർ  കുര്യാക്കോസ് കുന്നശ്ശേരിയോടുള്ള ഓസ്ട്രേലിയൻ ക്നാനായ മക്കളുടെ സ്നേഹവും വാത്സല്യവും അടങ്ങിയതാണ് ഈ അനുസ്മരണം.  കോട്ടയം അതിരൂപതയുടെ ആത്മീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ വളർച്ചയ്ക്ക് പിന്നിലെ സൂര്യതേജസിനെ ക്നാനായ മക്കൾക്ക് മറക്കുവാൻ സാധിക്കുകയില്ല. കോട്ടയം രൂപതയുടെ വളർച്ചയ്ക്കുവേണ്ടി  കോട്ടയത്ത് നിന്നും മലബാറിലേക്കും ഹൈറേഞ്ചിലേയ്ക്കും  കുടിയേറിയ ക്നാനായ മക്കൾക്ക് വേണ്ടി പള്ളികൾ  പണിത് അവരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുവാൻ പിതാവിന് കഴിഞ്ഞു. തുടർന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ പ്രവാസികളായ ക്നാനായ മക്കളുടെ ഉന്നമനത്തിനുവേണ്ടി, അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുകയും തുടർന്ന് പള്ളികൾ പണിയാനുള്ള നടപടികൾക്കായി ക്നാനായ മിഷനുകൾ സ്ഥാപിക്കാൻ പിതാവ് മുൻകൈയ്യ് എടുത്തു. അതിനുശേഷം യുകെയിലേക്ക് കുടിയേറിയ ക്നാനായ മക്കളുടെ ഏകീകരണത്തിനുവേണ്ടി ഫാ. സിറിയക്ക് മറ്റത്തിന് പാരീസിലേക്ക് പഠിക്കാൻ വിടുകയും 2001 നവംബർ 10 ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ അതിരൂപതയിലെ  PARSANS  ഗ്രീൻ ദേവാലയത്തിൽ കുന്നശ്ശേരി പിതാവിന്റെ നിർദ്ദേശപ്രകാരം കുർബാനയോടു കൂടി യുകെ കെസിഎ എന്ന വലിയ അൽമായ സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു.

ഫാ. സിറിയക്ക് മറ്റം, ഫാ. സജി മലയിൽ പുത്തൻപുര അന്നത്തെ യുകെ കെസിഎ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഈ ലേഖകനും സിറിൾ കൈതവേലി, ഷാജി വാരാക്കുടി എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ നടത്തിയ ആദ്യത്തെ യുകെ കെസിഎ കൺവൻഷനിൽ ആണ് മാർ കുര്യാക്കോസ് കുന്നശ്ശേരി ആദ്യമായും അവസാനമായും ഇംഗ്ലണ്ടിൽ എത്തിയത്.

പിന്നീട് ഓസ്ട്രേലിയായിൽ നടന്ന  ക്നാനായ മക്കളുടെ കുടിയേറ്റത്തിന്റെ ആരംഭത്തിൽ ക്നാനായ മക്കൾക്കുവേണ്ടി കോട്ടയം രൂപതയിൽ നിന്ന് ഫാ. ജയിക്കബ് തടത്തിൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. സജി കാരാമക്കുഴി എന്നിവരെ മെൽബൺ  രൂപതയിലേയും സെയിൽ രൂപതയിലേക്കും പിതാവ് മുൻകൈയ്യ് എടുത്താണ് മെൽബണിലേക്ക് വിടുന്നത്. ഏകദേശം പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഫാ. ജെയിക്കബ് തടത്തിലിന്റെ നേതൃത്വത്തിൽ ആണ് തോമസ് അങ്കമാലി പ്രസിഡന്റായി ക്നാനായ അസോസിയേഷൻ രൂപീകരിക്കുന്നത്.

മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ആ ദീർഘവീക്ഷണത്തിന്റെ സാക്ഷാൽക്കാരം ആയിരുന്നു മെൽബണിൽ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി ചാപ്ലയിൻ ആയി ആദ്യമായി ക്നാനായ മിഷന് ജന്മം നൽകാൻ സഹായിച്ചത്.

ക്നാനായ മക്കൾക്കുവേണ്ടി മാത്രമല്ല മാർ കുന്നശ്ശേരി തന്റെ കഴിവുകൾ വിനിയോഗിച്ചത്. സിറോ മലബാർ സഭയുടെ വളർച്ചക്ക് പിന്നിലും പിതാവിന്റെ കരസ്പർശം  ഉണ്ടായിരുന്നു. പുതിയതായി രൂപം  കൊണ്ട സിറോ മലബാർ സഭയുടെ മെൽബൺ രൂപതയുടെ പ്രഥമ മെത്രാൻ മാർ ബോസ്ക്കോ പുത്തൂരും ദിവംഗതനായ മാർ കുന്നശ്ശേരിയും ഒരേ മനസ്സോടെ പ്രവർത്തിച്ചവർ ആയിരുന്നു. പ്രഥമ മെത്രാൻ സ്ഥാനം ഏൽക്കുന്നതിനുവേണ്ടി മെൽബണിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് പിതാവ് വിശ്രമിച്ചിരുന്ന  കാരിത്താസിൽ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങിയാണ് വന്നതെന്ന് മാർ ബോസ്ക്കോ പുത്തൂർ ഓർമ്മിച്ചു. അതുപോലെ വികാരി ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി നാട്ടിൽ ചെല്ലുമ്പോൾ എല്ലാം കുന്നശ്ശേരി പിതാവിനെ സന്ദർശിച്ച് ആയിരുന്നു മടക്കം. കാരിത്താസ് ഹോസ്പിറ്റൽ, ചൈതന്യ പാസ്റ്ററൽ സെന്റർ തടങ്ങിയ എത്രയോ സ്ഥാപനങ്ങളുടെ വളർച്ചയിൽ അദ്ദേഹം നാഴിക കല്ലായിരുന്നു. ദിവംഗതനായ  മാർ കുന്നശ്ശേരിയുടെ ദേഹ വിയോഗത്തിൽ ലോകം എമ്പാടും ഉള്ള ക്നാനായ മക്കളോടൊപ്പം ഓസ്ട്രേലിയായിലെ ക്നാനായ മക്കളും  ദുഃഖത്തിൽ പങ്ക് ചേർന്നു. ഓസ്ട്രേലിയായിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്നാനായ സംഘടനകൾ അദ്ദേഹത്തിന്റെ ആത്മശാന്തിക്കുവേണ്ടി പ്രാർഥിക്കുകയും അനുശോചനങ്ങൾ അറിയിക്കുകയും ചെയ്തു. മെൽബണിലെ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിൽ പ്രസിഡന്റ് ജോബിൻ പൂഴിക്കുന്നേലിന്റെ അധ്യക്ഷതയിൽ അനുശോചനയോഗം നടത്തുകയും  മെൽബണിലെ ഫാ. ജെയിംസ് അരിച്ചിറയുടെ നേതൃത്വത്തിൽ പിതാവിന്റെ ആത്മശാന്തിക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു. ഓസ്ട്രേലിയൻ  ക്നാനായ മക്കളുടെ കണ്ണീരിൽ കുതിർന്ന പ്രണാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.