Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നഴ്‌സുമാരുടെ സമരം: നടപടി ഉണ്ടാകുമെന്ന് ബേബി, സർക്കാർ മുന്നോട്ടു വരണമെന്ന് ചെന്നിത്തല

എബി പൊയ്ക്കാട്ടിൽ
Nurses സമരം ചെയ്യുന്ന നഴ്‌സുമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെൽബൺ ഇടതുപക്ഷ മതേതര കൂട്ടായ്മ മെൽബൺ റോയൽ പാർക്ക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച യോഗം

മെൽബൺ ∙ കേരളത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വിലപ്പെട്ട സേവനത്തിനു ന്യായമായ വേതനം ഉറപ്പു വരുത്താൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ബാധ്യസ്ഥമാണെന്നും അതിനുള്ള നടപടികൾ പിണറായി സർക്കാർ സ്വീകരിക്കുമെന്നും സിപിഎം പൊളിറ്റ്ബ്യുറോ അംഗം എം.എ. ബേബി. സമരം ചെയ്യുന്ന നഴ്‌സുമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെൽബൺ ഇടതുപക്ഷ മതേതര കൂട്ടായ്മ മെൽബൺ റോയൽ പാർക്ക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച യോഗം ഫോണിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യ മേഖലയിൽ ഡോക്ടർമാർക്കു തുല്യമായ അമൂല്യമായ സേവനമാണ് രാവും പകലുമായി ജോലിചെയ്യുന്ന നഴ്‌സുമാരുടേത്. എന്നാൽ അവർക്ക് അർഹമായ വേതനം നൽകാൻ ഇന്നും ഭൂരിപക്ഷം മാനേജ്‌മെന്റുകളും തയാറാകുന്നില്ല. ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കുന്ന നഴ്‌സിങ് സമൂഹത്തിനു പിന്തുണ നൽകാൻ ആയിരകണക്കിന് കിലോമീറ്റർ അകലെയുള്ള ഓസ്‌ട്രേലിയയിൽ, അവിടെയുള്ള മതേതര ഇടതുപക്ഷ കൂട്ടായ്മ മുന്നോട്ടുവന്നതു ധീരമായ നടപടിയാണ്. ഇത് അഭിനന്ദനാർഹമാണെന്നും ബേബി പറഞ്ഞു. 

കൂടുതൽ സമയം ജോലിയും കുറഞ്ഞ വേതനവും ലഭിക്കുന്ന നഴ്‌സുമാരുടെ സ്ഥിതി വളരെ പരിതാപകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സമര രംഗത്തുള്ളവർ ഉന്നയിക്കുന്ന ആവശ്യം തികച്ചും ന്യായമാണ്. സ്വകാര്യ ആശുപത്രി ഉടമകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ബുദ്ധിമുട്ട് അനുഭവിക്കുന്ന നഴ്‌സുമാരുടെ സമരം അടിയന്തിരമായി ഒത്തു തീർപ്പാക്കാൻ സർക്കാർ മുന്നോട്ടു വരണമെന്ന് രമേശ് ചെന്നിത്തല ഫോണിലൂടെ നൽകിയ സന്ദേശത്തിൽ പറഞ്ഞു. 

സുപ്രീംകോടതി നിർദ്ദേശിച്ച, തുല്യജോലിക്ക് തുല്യവേതനം ലഭിക്കുന്നതുവരെ നഴ്‌സുമാരുടെ അതിജീവനത്തിനായുള്ള സമരം തുടരുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബെൽജോ വ്യക്തമാക്കി. സർക്കാർ സർവ്വീസിനു സമാനമായി, 28000 രൂപ പ്രതിമാസ അടിസ്ഥാന വേതനം ലഭിക്കുന്നതുവരെ സമരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബും സന്ദേശത്തിൽ പറഞ്ഞു.

കൊടുംതണുപ്പിലും മെൽബൺ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിച്ചേർന്ന എല്ലാവരെയും ഐക്യദാർഢ്യ കൂട്ടായ്മയിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് തിരുവല്ലം ഭാസി അഭിവാദ്യം ചെയ്തു. നൂറു കണക്കിന് മലയാളി സംഘടനകളും പതിനായിരത്തിലേറെ നഴ്‌സുമാരും ഓസ്‌ട്രേലിയിൽ ഉണ്ടായിട്ടും ഒരു മാസം പിന്നിട്ട സമരത്തിന് പിന്തുണ നൽകാൻപോലും നാളിതുവരെ ആരും രംഗത്തു വന്നിട്ടില്ലെന്ന് തിരുവല്ലം ഭാസി ചൂണ്ടിക്കാട്ടി. എങ്കിലും ചില നഴ്‌സുമാർ ഡ്യൂട്ടിക്കിടയിൽ സമരത്തിന് പിന്തുണ നൽകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതു സമരരംഗത്തുള്ളവർക്ക് ആശ്വാസം പകരുന്നതായിരുന്നു.

പ്രിൻസിപ്പൽ സോളിസിറ്റർ ബിന്ദു കുറുപ്പ്, ഒഐസിസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ പൂഴിക്കുന്നേൽ, ട്രഷറർ അരുൺ പാലക്കലോടി, ഹയാസ് വെളിയംകോട്, ചാൾസ് മാത്യു, ലോകൻ രവി എന്നിവർ സംസാരിച്ചു. മെൽബൺ ഇടതുപക്ഷ മതേതര കൂട്ടായ്മ വൈസ് പ്രസിഡന്റ് ഗീതു എലിസബത്ത് സ്വാഗതവും, സ്റ്റേറ്റ് കോർഡിനേറ്റർ പ്രതീഷ് മാർട്ടിൻ നന്ദിയും പറഞ്ഞു. ബിനീഷ് കുമാർ, എബി പൊയ്ക്കാട്ടിൽ, ലിജോ ചിറാപുറത്ത്, സോജൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.