Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചെങ്ങന്നൂരില്‍ വിഷ്ണു നാഥിനു ജയസാധ്യതയില്ലെന്നു ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഏബ്രഹാം

പി.പി.ചെറിയാൻ
George-Abraham

ന്യൂയോര്‍ക്ക്∙ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പി.സി.വിഷ്ണു നാഥിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നു കാട്ടി ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വോട്ടറും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയറുമായ ജോര്‍ജ് ഏബ്രഹാം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സാം പിത്രോഡ തുടങ്ങിയവര്‍ക്ക് കത്തയച്ചു. 

സിപിഎം എംഎൽഎ കെ.കെ.രാമചന്ദ്രന്‍ നായര്‍ നിര്യാതനായ ഒഴിവിലാണു ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ സിപിഎം 52,880 വോട്ടും കോണ്‍ഗ്രസിലെ വിഷ്ണു നാഥ് 44,897വോട്ടും ബിജെപിയിലെ പി.എസ്.ശ്രീധരന്‍ പിള്ള 42,682 വോട്ടും ആണു നേടിയത്. 

മൂന്നു പാര്‍ട്ടികളും പ്രസ്റ്റീജ് മത്സരമായാണു ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. അടുത്ത ദിവസങ്ങളില്‍ താന്‍ ചെങ്ങന്നുരില്‍ ഉണ്ടായിരുന്നുവെന്നും പരിചയക്കാരുടെയും‍ സുഹൃത്തുക്കളുടെയുമൊക്കെ അഭിപ്രായം കേട്ട ശേഷമാണു ഈ കത്ത് എഴുതുന്നതെന്നും ദീര്‍ഘകാലം ഓവര്‍സീസ് കോണ്‍ഗ്രസ് സെക്രട്ടറിയും പ്രസിഡന്റും ചെയര്‍മാനുമായിരുന്ന ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. വിഷ്ണു നാഥ് വിജയിക്കില്ലെന്ന പൊതു അഭിപ്രായമാണു താന്‍ കണ്ടത്. 

സംസ്ഥാനത്തോ ദേശീയ തലത്തിലോ നേതൃത്വമെന്ന ലക്ഷ്യമുള്ള വിഷ്ണുനാഥ് എംഎല്‍എ എന്ന നിലയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ നേട്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നാണു പൊതു അഭിപ്രായം. അതാണു കഴിഞ്ഞ തവണ തോല്‍ക്കാനും കാരണം. പ്രാദേശിക കാര്യങ്ങള്‍ക്കപ്പുറം വലിയ കാര്യങ്ങളാണു വിഷ്ണു നാഥിന്റെ ലക്ഷ്യമെന്നു ജനങ്ങള്‍ പറയുന്നു.

അനുദിനം ശക്തി പ്രാപിക്കുകയും റൂട്ട് മാര്‍ച്ചും മറ്റും നടത്തി ജനങ്ങളെ പേടിപ്പിക്കുകയും ചെയ്യുന്ന ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ വിഷ്ണുനാഥ് തയ്യാറാവുന്നില്ല എന്നു ന്യൂനപക്ഷ വിഭാങ്ങളില്‍ ആശങ്കയുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെപ്പറ്റിയും ഇതു തന്നെയാണു അഭിപ്രായം. വികസനകാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടും കോണ്‍ഗ്രസ് കേരളത്തില്‍ തോറ്റതിനു ഒരു കാരണവും ഇതാണ്.

കഴിഞ്ഞ തവണ ബിജെപി ചെങ്ങന്നൂരില്‍ വിജയത്തിനടുത്ത് എത്തിയതാണ്. ബിജെപി വിജയം പേടിച്ച് പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവസാന നിമിഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു വോട്ടു ചെയ്യുകയായിരുന്നു. വിഷ്ണു നാഥ് സ്ഥാനാര്‍ഥിയായാല്‍ അതു തന്നെ ആവര്‍ത്തിക്കും. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തില്‍ സെക്കുലര്‍ ആശയങ്ങളെ ശക്തമായി പിന്തുണക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആണെന്നു പരക്കെ കരുതപ്പെടുന്നു. മണ്ഡലം തിരിച്ചു പിടിക്കണമെങ്കില്‍ വിഷ്ണു നാഥിനു പകരം സ്ഥാനാര്‍ഥി വേണം. തനിക്ക് വിഷ്ണുനാഥിനോടു വ്യക്തിപരമായി ഒരു വിദ്വേഷവുമില്ല.

പ്രാദേശിക തലത്തില്‍ തന്നെ സമര്‍ഥരായ നേതാക്കളുണ്ട്. ഡി. വിജയകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് നേതാവും കോർപറേറ്റിവ് ബാങ്ക് പ്രസിഡന്റുമായ ചാര്‍ലി ഏബ്രഹാം, ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ എബി കുര്യാക്കോസ് എന്നിവരിലൊരാളെയാണു താന്‍ നിര്‍ദേശിക്കുന്നത്.

മറ്റൊരു നിര്‍ദേശം മുന്‍ എംഎല്‍എ ശോഭന ജോർജിനെ പുനരധിവസിപ്പിക്കുക എന്നതാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും അവര്‍ മണ്ഡലത്തിനുണ്ടാക്കിയ നേട്ടങ്ങള്‍ ഇന്നും ജനം ഓര്‍ക്കുന്നുണ്ട്. പല കാരണത്താലും പാര്‍ട്ടി വിട്ടവരും വിടേണ്ടി വന്നവരും പാര്‍ട്ടിയില്‍ തിരിച്ചു വന്ന ചരിത്രമുള്ളപ്പോള്‍ ശോഭനയെ പരിഗണിക്കാത്തതെന്തെന്നു വ്യക്തമല്ല.

എന്തായാലും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തുമെന്നു മറ്റുള്ളവരെ പോലെ താനും പ്രതീക്ഷിക്കുന്നു-കത്ത് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.