Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സാം ഏബ്രഹാം വധക്കേസ്: ഭാര്യയും കാമുകനും കുറ്റക്കാർ

arun-sofia

മെൽബൺ (ഓസ്ട്രേലിയ) ∙ മലയാളിയായ സാം ഏബ്രഹാമിനെ (34) വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോഫിയ (33), കാമുകൻ അരുൺ കമലാസനൻ (35)എന്നിവർ കുറ്റക്കാരാണെന്നു മെൽബൺ സുപ്രീം കോടതി കണ്ടെത്തി. ശിക്ഷ വിധിക്കും മുൻപ് ഇരുവരുടെയും വിശദീകരണം കേൾക്കാൻ കേസ് മാർച്ച് ഇരുപത്തൊന്നിലേക്കു മാറ്റി.

മെൽബണിൽ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിനെ 2015 ഒക്ടോബർ 13ന് ആണ് എപ്പിങ്ങിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും സോഫിയ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചശേഷം മകനോടൊപ്പം മെൽബണിലേക്കു മടങ്ങി.

തീവ്രപ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷൻ കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, രക്തത്തിലും കരളിലും അമിത അളവിൽ സയനൈഡ് കണ്ടെത്തിയിരുന്നു.

തുടർന്നു പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. സോഫിയയുടെയും അരുണിന്റെയും നീക്കങ്ങൾ വിഡിയോയിൽ പകർത്തി. 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12ന് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സോഫിയയും അരുണും ചേർന്നു 2014 ജനുവരിയിൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഇരുവരുടെയും ഡയറിക്കുറിപ്പുകളും സംഭവദിവസം രാത്രിയിൽ സാമിന്റെ വീട്ടിൽ അരുൺ എത്തിയതിന്റെ തെളിവുകളും അടക്കം പ്രോസിക്യൂഷൻ ഹാജരാക്കി. അരുണിനോടു സോഫിയയ്ക്കുണ്ടായിരുന്ന അടുപ്പം വെളിവാക്കുന്ന ഡയറിക്കുറിപ്പുകൾ 12 അംഗ ജൂറിക്കു മുൻപാകെ പ്രോസിക്യൂട്ടർ വായിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.