മെൽബൺ∙കേരള സംസ്ഥാന സർക്കാരിന്റെ പ്രവാസകാര്യ വകുപ്പിന്റെ കീഴിലുള്ള നോർക്കയുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയയിൽ പ്രവർത്തനമാരംഭിച്ചു. ജാതി – മത– രാഷ്ട്രീയ വിഘടനവാദങ്ങൾക്ക് സ്ഥാനമില്ലാതെ , ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുക, അവർക്കു വേണ്ടി പ്രവർത്തിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ 2008 ൽ അമേരിക്കയിൽ രൂപം കൊണ്ട സന്നദ്ധ സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷൻ.
മലയാളികളുടെ സാമൂഹികവും സാംസ്കാരികവുമായ ഏകീകരണം പ്രോത്സാഹിപ്പിക്കുക, അടിയന്തര സാഹചര്യത്തിലും അത്യാവശ്യഘട്ടങ്ങളിലും ആവശ്യമായ സഹായം നൽകുക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുക തുടങ്ങിയ ഒട്ടനവധി പ്രവർത്തന ലക്ഷ്യങ്ങളുമായ് പ്രവാസി മലയാള ഫെഡറേഷൻ ഇപ്പോൾ തന്നെ മുപ്പത്തെട്ടിലധികം രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറിയ പ്രളയക്കെടുതിയിൽ കേരളത്തിനൊരു കൈത്താങ്ങായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു വലിയ പങ്കുവഹിക്കുവാൻ പ്രവാസി മലയാള ഫെഡറേഷനു കഴിഞ്ഞിരുന്നു.
പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയ ഭാരവാഹികൾ :
പ്രസിഡന്റ് തോമസ് ജേക്കബ്, വൈസ് പ്രസിഡന്റ് – ഷിനോയ് മഞ്ഞാങ്കൽ, സെക്രട്ടറി – അനിത ദുദാനി, ജോയിന്റ് സെക്രട്ടറി– ഷാജു നടരാജ്, ട്രഷറർ – അജീഷ് രാമമംഗലം , പിആർഒ : സന്തോഷ് തോമസ്.എക്സിക്യൂട്ടീവ് മെമ്പേഴ്സ് : സെബാസ്റ്റ്യൻ ജേക്കബ്, ബാബു മണലേൽ , അനിൽ തരകൻ.
ഓസ്ട്രേലിയയിലുള്ള മലയാളികൾക്കുണ്ടാകുന്ന ഏതൊരു അടിയന്തര സാഹചര്യങ്ങളിലും എപ്പോഴും ഏതു സമയത്തും സമീപിക്കുവാൻ സാധിക്കുന്ന ഒരു സംഘടനയായി പ്രവാസി മലയാള ഫെഡറേഷനെ വളർത്തിയെടുക്കുക എന്നതാണ് പ്രാഥമിക ദൗത്യമെന്നും അതിന്റെ ഭാഗമായ്, ഓസ്ട്രേലിയയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു അഡ്വൈസറി ബോർഡ് ഉടൻ രൂപീകരിക്കുമെന്നും പ്രസിഡന്റ് തോമസ് ജേക്കബ് അറിയിച്ചു.