Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രേലിയയിലും മലയാളി ഭരണ സാരഥ്യത്തിലേക്ക്

tom

മെൽബൺ∙ വിറ്റെൽസി നഗരത്തിന്റെ ഡെപ്യൂട്ടി മേയറായി മലയാളിയായ ടോം ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയിൽ ആ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളിയാണു കുട്ടനാട് സ്വദേശി ടോം.

 2017 ൽ നഗരത്തിലെ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടോം ജോസഫ്, വിറ്റെൽസി നഗരത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ കൗൺസിലറും ഓസ്ട്രേലിയയിൽ ഒരു തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യത്തെ മലയാളിയും ആണ്.

ഗ്രേറ്റർ മെൽബണിന്റെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിറ്റെൽസി നഗരം ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ മുനിസിപ്പാലിറ്റിയാണ്. പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ടോം വഹിച്ച നേതൃത്വപരമായ പങ്കാണ് അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയങ്കരനാക്കിയത്.

മെർണ്ഡ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ജില്ലാ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, മെർണ്ഡ ആൻഡ് ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ ടോം സ്തുത്യർഹമായ സേവനമാണ് കാഴ്ചവച്ചത്. വടക്കുഭാഗത്തുള്ള നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും കൊണ്ടുവരുന്നതിന് നിരവധി പ്രചാരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിൽ വോളണ്ടിയർ സോഷ്യൽ ജസ്റ്റിസ് ഓഫിസറായും ടോം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ അദ്ദേഹം പ്രദേശത്തെ കത്തോലിക്കാ പള്ളികളുടെയും കിങ് ലെയ്ക്ക്, വിറ്റെൽസി, മെർണ്ഡ, ഡോറീൻ സ്കൂളുകളുടെയും കംപെയിൻഡ് സോഷ്യൽ കമ്മിറ്റി ചെയർമാനാണ്.

2006 ൽ കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ടോം ഒരു സംരംഭകനുമാണ്. ഓസ്ട്രേലിയയിലെ മുൻനിര കമ്പനികളിൽ പ്രവർത്തിച്ച പരിചയം, സ്വന്തം ബിസിനസ് പടുത്തുയർത്താൻ അദ്ദേഹത്തിനു സഹായകമായി.

കുട്ടനാട് മണലാടി പുതുശ്ശേരി വർക്കി ജോസഫിന്റെയും കുഞ്ഞമ്മയുടെയും ഒൻപതു മക്കളിൽ ഏറ്റവും ഇളയയാളാണ് ടോം. ഭാര്യ രഞ്ജിനി, ചങ്ങനാശേരി കളങ്ങരപ്പറമ്പിൽ മാത്യു സ്കറിയായുടെ മകളാണ്. ദമ്പതികൾക്ക് മൂന്നു കുട്ടികളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.