Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രേലിയയില്‍ നിന്നൊരു ‘സൂപ്പർസ്റ്റാർ’; ശ്രദ്ധേയമായി വിദേശ മലയാളികളുടെ ഹ്രസ്വചിത്രം

short-movie

സിനിമയെന്ന ആഗ്രഹത്തിന്റെ വിത്ത് മനസിൽ വീണാൽ അതൊരിക്കലും നശിച്ച് പോകില്ല. നമ്മൾ പോലുമറിയാതെ, മുളപൊട്ടി, വളർന്ന്, ഒരു നിമിഷം അത് ചിന്തകളിലേക്ക് തളിരിലകള്‍ നീട്ടും. ഉള്ളിലെ സിനിമാ പ്രേമി, എവിടെയോ മറന്നു വച്ച ആ മോഹം വീണ്ടും പൊടി തുടച്ചെടുക്കും. ഹൃദയത്തോട് ചേർക്കും. അങ്ങനെയാണ് പലരും കാഴ്ചയുടെ ലോകത്തേക്കെത്തുക, തന്റെ സങ്കൽപ്പങ്ങൾക്ക് തിരശ്ശീലയിൽ ജീവൻ പകരുക...അനുമോദ് പോളിനും പറയാനുണ്ട് അങ്ങനെയൊരു കഥ. സിനിമയെന്ന ‘കാഴ്ചക്കല’ അനുമോദിന്റെ ഹൃദയത്തിൽ വേരാഴ്ത്തിയത് കുട്ടിക്കാലത്തിന്റെ കൗതുകങ്ങൾക്കൊപ്പമാണ്.

അത് സ്കൂൾ നാടകങ്ങളിലെ അഭിനയവും സിനിമ കാണലും ചർച്ചകളുമൊക്കെയായി കൊഴുത്തു. ജീവിത യാത്രയുടെ ഏതോ ഘട്ടത്തിൽ താത്കാലികമായെങ്കിലും ആ ഇഷ്ടം മനസിലേക്ക് മറയ്ക്കേണ്ടി വന്നെങ്കിലും തനിക്കു വേണ്ടി പുലരുന്ന ഒരു ദിവസത്തിനായി അനുമോദിലെ സിനിമാ പ്രേമി കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പിന്റെ സഫലതയാണ് ‘ഗുലുമാൽ – എ സ്ളൈസ് ഓഫ് ഔസി ഫൺ’ എന്ന ഷോർട്ട് ഫിലിം പരമ്പര. പരമ്പരയിലെ രണ്ടാം ഭാഗമായ ‘സൂപ്പർസ്റ്റാർ’ ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. വിദേശ മലയാളിയായ അനുമോദ് ഓസ്ട്രേലിയയിലെ സിഡ്നി കേന്ദ്രമാക്കി, വിദേശ മലയാളിക്കൂട്ടായ്മയുടെ പിന്തുണയോടെയാണ് ‘സൂപ്പർസ്റ്റാർ’ എന്ന ഹ്രസ്വചിത്രം ഒരുക്കിയത്. ഇതിനോടകം യൂട്യൂബിൽ ആയിരക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞ ‘സൂപ്പർസ്റ്റാർ’ രസകരമായ ആഖ്യാനത്താലും വേറിട്ട് നിൽക്കുന്നു.

ബോണി ജോസഫ്, വിനോദ് കുമാർ, ഡിനോ ചാക്കോ, അവിനാഷ് പണിക്കർ എന്നീ സുഹൃത്തുക്കളുമായുള്ള ചർച്ചകളുടെ ഫലമായാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. പ്രാഥമിക ചർച്ചയിൽ തന്നെ ഒരു വേറിട്ട ആശയമായിരിക്കണം പ്രാവർത്തികമാക്കേണ്ടതെന്ന നിർബന്ധം ഏവർക്കുമുണ്ടായിരുന്നു. തുടർന്ന് കൂടുതൽ പേർ സംരംഭത്തിന്റെ ഭാഗമായെത്തി. അങ്ങനെ കുടുംബ പ്രേക്ഷകരെ മുൻ നിർത്തി തിരക്കഥയൊരുക്കി. ആദ്യ ഭാഗം ചെയ്തു. ഓസ്ട്രേലിയൻ മലയാളി കുടുംബങ്ങളിൽ നിന്ന് തന്നെ അഭിനേതാക്കളെയും തിരഞ്ഞെടുത്തു. 

ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകരണമാണ് രണ്ടാം ഭാഗത്തിലേക്ക് നയിച്ചത്. വലിയ ഇടവേളകളില്ലാതെ ഓരോ ഭാഗങ്ങളും പുറത്തിറക്കണമെന്നാണ് ഇവരുടെ ലക്ഷ്യം. ഷോർട്ട് റീൽ പ്രൊഡക്ഷൻസാണ് നിർമ്മാണം. ബോണി ജോസഫ്, ഡിനോ ചാക്കോ, അവിനാഷ് പണിക്കർ, വിനോദ് കുമാർ തുടങ്ങി സിനിമാ പ്രേമികളുടെ ഒരു വലിയ സംഘം തന്നെ ഈ ഉദ്യമത്തിൽ അനുമോദിനൊപ്പമുണ്ട്. എന്തായാലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ‘സൂപ്പർസ്റ്റാർ’ കാഴ്ചക്കാർക്കിടയിൽ സംസാര വിഷയമായതിന്റെ ആവേശത്തിലാണ് ഈ മറുനാടൻ മലയാളി സംഘം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.