മെൽബൺ∙ മെൽബണിൽ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ 2019-21 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള അസോസിയേഷൻ തിരഞ്ഞെടുപ്പ് ആവേശഭരിതമായ തലത്തിലേക്ക് നീങ്ങുന്നു. ഓസ്ട്രേലിയൻ മലയാളികളുടെ പ്രവാസജീവിതത്തിൽ ആദ്യകൂട്ടായ്മ രചിച്ച ഈ സംഘടന 44 വർഷത്തെ പാരമ്പര്യത്തിന്റെ പകിട്ടിൽ ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങളിലൂടെ മെൽബൺ സമൂഹത്തിൽ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് .
നിരവധി പാനലുകളാണ് മത്സരത്തിന് തയ്യാറാകുന്നത്. ഒരു പാനലിൽ 11 പേരാണ് മത്സരിക്കേണ്ടത്. എല്ലാവരുടെയും ഫോട്ടോ മുദ്രണം ചെയ്ത പേരും വിലാസവും അടങ്ങിയ പാനലുകൾ ജനുവരി 31 വൈകുന്നേരം 5 മണിക്ക് മുൻപായി teammav2019@gmail.com എന്ന ഈമെയിലിൽ അയക്കേണ്ടതാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി രണ്ടാണ്.
മെൽബണിലെ വലതുപക്ഷ സംഘടനകൾ ഒന്നിലധികം പാനലുകൾക്ക് ആണ് അണിയറയിൽ കോപ്പ് കൂട്ടുന്നത്. എന്നാൽ വിജയം ഉറപ്പാക്കാൻ കഠിനമായി പ്രയത്നിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ഫെബ്രുവരി 10 വൈകുന്നേരം 4മണിക്ക്, ഡാണ്ടിനോങ്ങിലുള്ള യൂണിറ്റിങ് ചർച് ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ വച്ച് പുതിയ ഭാരവാഹികൾ ആരെന്നറിയാം.